കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹയർ ക്കൻഡറി സ്കൂൾ എൻഎസ്എസ് സന്നദ്ധ സേനാംഗങ്ങൾ കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന് സംഭാവനയായി നൽകിയ രണ്ട് എയർ ബെഡുകളും ഒരു വീൽചെയറും ആരോഗ്യമന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങി.
സ്കൂൾ കായികമേളയോടനുബന്ധിച്ച് എൻഎസ്എസ് സന്നദ്ധ സേനാംഗങ്ങൾ സംഘടിപ്പിച്ച നാടൻ ഭക്ഷണമേളയിൽനിന്നു സമാഹരിച്ച തുക ഉപയോഗിച്ചാണ് കുട്ടികൾ ജീവകാരുണ്യ പ്രവർത്തനം നടത്തിയത്. ഇത്തരം സംഭാവനകൾ സർക്കാരിന്റെ ആരോഗ്യ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതോടൊപ്പം വിദ്യാർഥികളിൽ സാമൂഹിക ഉത്തരവാദിത്വബോധവും സഹജീവിസ്നേഹവും നേതൃവാസനയും വളർത്തുന്നതിന് വേണ്ട ഒരു ഉത്തമ മാതൃകകൂടിയാണെന്ന് ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പ്രോഗ്രാം ഓഫീസർ ഡോ. ജിലു സെബാസ്റ്റ്യനെ പൊന്നാടയണിയിച്ച് ആദരിക്കുകയും എൻഎസ്എസ് സന്നദ്ധ സേനാംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വാർഡ് മെംബർ റാണി ടോമി, മെഡിക്കൽ ഓഫീസർ ഡോ. വിദ്യാ ജോൺ, കാഞ്ഞിരപ്പള്ളി ക്ലസ്റ്റർ കൺവീനർ ബിനോ കെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിനോടനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റ് വിവിധ കലാപരിപാടികളും നടത്തി.